ഫാറ്റിലിവർ ബാധിതർ അമിത ഭക്ഷണം ഒഴിവാക്കുക. അധ്വാനത്തിനനുസരിച്ചുള്ള കലോറി മൂല്യം കണക്കാക്കിമാത്രം ഭക്ഷണം ശീലിക്കുക. നാരുകളടങ്ങിയ ഭക്ഷണത്തിന് പ്രാധാന്യം നൽകുക. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കുറയ്ക്കുക. ഈസ്റ്റ് ഉൾപ്പെടെയുള്ള പുളിപ്പിക്കുന്ന വസ്തുക്കളും പ്രിസർവേറ്റീവുകളും അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. ഇൻസ്റ്റന്റ് കോഫി, അജിനോ മോട്ടോ എന്നിവ ഒഴിവാക്കുക.
ആൽക്കഹോൾ ഉപേക്ഷിക്കാം
മാംസവും വറുത്തതും മറ്റ് കൊഴുപ്പുള്ളവയും കൂടുതൽ കഴിക്കുന്ന ദിവസങ്ങളിൽ അതിനെ ദഹിപ്പിക്കാനെന്ന പേരിൽ ഉപയോഗിക്കുന്ന മദ്യം ഉൾപ്പെടെയുള്ള വസ്തുക്കൾ കൊഴുപ്പിന്റെ ആഗിരണം വർധിപ്പിച്ച് ഫാറ്റിലിവർ വർധിപ്പിക്കും. അതിനാൽ ആൽക്കഹോൾ അടങ്ങിയതെന്തും ഉപയോഗിക്കാതിരിക്കുകയോ അഥവാ ഉപയോഗിച്ചാൽ അതിനൊപ്പം സാലഡുകൾ ഉൾപ്പെടുത്തുകയോ ആണ് വേണ്ടത്.
മാംസം, എണ്ണയിൽ വറുത്തത് എന്നിവ കഴിക്കുന്നതിന് മുമ്പായി പഴം, സാലഡ് എന്നിവ കഴിച്ചാൽ കൊഴുപ്പ് അധികമായി ഉള്ളിൽ ചെല്ലുന്ന പ്രവണത കുറയ്ക്കാനും സാധിക്കും.
ഫാറ്റിലിവറും ഭക്ഷണക്രമവും
ഫാറ്റിലിവർ ഉള്ളവർ മൃഗങ്ങളുടെ കൊഴുപ്പ്, കരൾ, കുടൽ, മസ്തിഷ്കം, അസ്ഥി മജ്ജ, മാംസക്കൊഴുപ്പ് എന്നിവ പൂർണമായും ഒഴിവാക്കുന്നത് കൊഴുപ്പിന്റെ അളവു കുറയ്ക്കാൻ ഉപകാരപ്പെടും.
ഒഴിവാക്കാം
* ഫാറ്റിലിവർ ഉള്ളവർ എണ്ണയിൽ വറുത്തതൊന്നുംതന്നെ കഴിക്കരുത്. പ്രത്യേകിച്ചും വറുത്ത മത്സ്യം, കോഴി മാംസം, ബീഫ്, പോർക്ക് തുടങ്ങിയവ ഒഴിവാക്കണം
ആൽക്കഹോൾ, റെഡ്മീറ്റ്, സോഫ്റ്റ് ഡ്രിങ്ക്സ്, മധുരം കൂടിയ ആഹാരവസ്തുക്കൾ തുടങ്ങിയവ പരമാവധി ഒഴിവാക്കണം.
പച്ചക്കായ, വാഴക്കൂമ്പ്
* രാവിലെയുള്ള ഉഴുന്നും അരിയും എണ്ണയും ചേർത്തുണ്ടാക്കുന്ന ഭക്ഷണം കുറച്ച് പച്ചക്കായ, ചെറുപയർ, മുതിര, വാഴപ്പിണ്ടി, വാഴക്കൂമ്പ്, കുമ്പളങ്ങ, വെള്ളരിക്ക, പാവയ്ക്ക, പടവലങ്ങ, ഇലക്കറികൾ, മോര്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവയുടെ ഉപയോഗം വർധിപ്പിക്കുക.
ചെറുമീനുകൾ
* ചെറിയ മത്സ്യങ്ങൾ കറിവച്ചു കഴിക്കണം.
സാലഡ്
* രാവിലെ സാലഡ് കഴിച്ച് മറ്റ് ധാന്യാഹാരം കുറയ്ക്കണം.
* റാഗി, ബാർലി, ഓട്സ് എന്നിവയും ഉൾപ്പെടുത്തണം.
വെള്ളരിക്ക, കോവയ്ക്ക
* വെള്ളരിക്ക, കാരറ്റ്, ബ്രോക്കോളി, കോവയ്ക്ക, നെല്ലിക്ക, വേവിച്ച ചെറുപയർ എന്നിവയുടെ ഉപയോഗം വർധിപ്പിക്കണം.
പഴവർഗങ്ങൾ
പഴവർഗങ്ങൾ കൂടുതൽ ഉൾപ്പെടുത്തണം; പ്രത്യേകിച്ചും മാതളം.
വെളുത്തുള്ളി, ഇഞ്ചി...
വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ, കറിവേപ്പില എന്നിവ നിത്യേന ഉപയോഗിക്കണം.
യോഗ, വ്യായാമം
യോഗയും വ്യായാമവും ശീലിക്കണം. വണ്ണം കുറയ്ക്കുന്നതിനു പരമാവധി പ്രാധാന്യം നൽകണം.
ഫാറ്റിലിവർ സാധ്യത തിരിച്ചറിയാം
എന്തെങ്കിലും കഴിച്ചാലുടൻ ഗ്യാസ് കാരണം വയറു വീർക്കുന്ന അവസ്ഥ അനുഭവപ്പെടുന്നവരും കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചാൽ ഏമ്പക്കവും അധോവായുവും വർധിക്കുന്നവരും ചിലപ്പോൾ മലബന്ധവും ചിലപ്പോൾ പത കലർന്ന് ഇടയ്ക്കിടെ മലശോധന ചെയ്യണമെന്ന തോന്നലുണ്ടാകുന്നവരും ഫാറ്റിലിവർ ഉള്ളവരായിരിക്കാൻ സാധ്യതയുണ്ട്.
തുടക്കത്തിൽതന്നെ ചികിത്സിക്കാം
ഫാറ്റി ലിവറിന് ശരിയായ ചികിത്സ ചെയ്താൽ പലവിധ രോഗങ്ങളും ഒഴിവാക്കാനാകും. ഇല്ലെങ്കിൽ ഫാറ്റിലിവർ വർധിച്ച് ലിവർ സീറോസിസ് ആകാനും പലവിധ രോഗങ്ങൾ ഒന്നിനുപുറകെ ഒന്നായി ബാധിക്കാനുമുള്ള സാധ്യത വർധിക്കും. അതുകൊണ്ട് തുടക്കത്തിൽ തന്നെ ഫാറ്റി ലിവറിന് ചികിത്സ ആവശ്യമാണ്. ആയുർവേദത്തിൽ അതിനുള്ള ചികിത്സയുമുണ്ട്.
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD റിട്ടയേർഡ് മെഡിക്കൽ ഓഫീസർ